Wednesday 1 February 2012

ഓർമ്മകളുടെ തീരത്ത്


                          പതിവു പോലെ രാവിലെ എഴുന്നേറ്റ് രാജീവ് ആദ്യം നോക്കിയത് പത്രം വന്നോ എന്നാണ്.  പത്രത്തോടൊപ്പം വന്ന ഏതോ കടലാസ് കുറച്ച് മാറി കിടന്നിരുന്നു. അത് കയ്യിലെടുത്ത്  അയാൾ വായിച്ചു നോക്കി. ഏതോ തുണിക്കട ഉത്ഘാടനം ചെയ്യപ്പെടാൻ പോകുന്നു. "പെണ്ണിനെ പട്ടുടുപ്പിക്കാൻ.." എന്ന അതിന്റെ തലക്കെട്ട് വായിച്ചപ്പോൾ എന്തെന്നില്ലാതെ ചിരി വന്നു. തന്റേയും രാജേന്ദ്രൻ പോറ്റിയുടേയും ഫ്ലാറ്റിൽ മാത്രമാണ് മലയാളം പത്രങ്ങൾ വരുത്തുന്നുള്ളു എന്ന് പത്രമിടാൻ വരുന്ന പയ്യൻ പറഞ്ഞത് അയാൾ ഓർത്തു.

 "സാർ..സാറിനോരു കാർഡോ മറ്റോ വന്നിട്ടുണ്ട്". വാച്ച്മാൻ ഗോവിന്ദനാണ്. അയാൾ അത് രാജീവിന്റെ കയ്യിൽ കൊടുത്തു.

 "രണ്ട് ദിവസം മുമ്പ് വന്നതാ. മുകളിലത്തെ ഫ്ലാറ്റിലെ അർജ്ജുൻ സാറിന് വന്ന കത്തുകളുടെ കൂട്ടത്തിൽ പേട്ടു പൊയി. സാറിന് തരാൻ എന്നെ ഏൽപ്പിച്ചു..".ഗോവിന്ദന്റെ ശബ്ദത്തിൽ ഉറക്ക ചടവ് പ്രകടമാണ്..
                         
കയ്യിൽ കിട്ടിയ കവറിന്റെ പുറത്തുകൂടെ അയാൾ കണ്ണോടിച്ചു..വിവാഹ ക്ഷണക്കത്താണ്.  "മീനു വെഡ്സ് സുനിൽ ".

"ഞാൻ പോട്ടെ സാറെ.."..വാച്ച്മാന്റെ ശബ്ദത്തിൽ തിടുക്കം..

"ഉം..ശെരി...".കണ്ണിൽ നിന്ന് അക്ഷരങ്ങളെ പടിയിറക്കാതെ അയാൾ തലയാട്ടി.

                             അങ്ങനെ  മീനു വിവാഹിതയാകുന്നു. അവൾ മറ്റൊരുത്തന്റേതാകുന്നു. ഓർമകളുടെ തീരത്ത് തനിച്ചായത് പോലെ അയാൾക്ക് തോന്നി. സ്വപ്നങ്ങളിൽ എന്നും അവൾ ഉണ്ടായിരുന്നു. താൻ അവളെ മറന്നിരുന്നില്ല എന്നതാണ് ശരി. എഞ്ചിനീയറിങ്ങിന് തന്റെ ജൂനിയറായിരുന്ന പെൺകുട്ടി. റാഗ് ചെയ്തപ്പോ പാട്ട് പാടാനറിയില്ലെന്ന് പറഞ്ഞ് ഏങ്ങിക്കരഞ്ഞ് അവസാനം തല ചുറ്റി വീണതും താൻ രണ്ട് ദിവസം സസ്പെൻഷനിലായതും അയാളുടെ ഓർമകളിലേക്കോടിയെത്തി.  സൗഹൃദം പിന്നീടെപ്പഴോ പ്രണയമായി വളർന്നു. മൂന്ന് വർഷത്തെ പ്രണയം!!. എന്നിട്ടും അവൾ തന്നെ മനസിലാക്കിയില്ല. ഓർമകൾ തികട്ടി വന്നപ്പോൾ അയാൾ അസ്വസ്ഥനായി.

                                ദീർഘമായി ഒന്ന് നിശ്വസിച്ച് അയാൾ സോഫയിൽ ചാരിയിരുന്നു.എവിടെയാണ് തനിക്ക് പിഴച്ചത്?. താൻ വീട്ടിൽ കാര്യം അവതരിപ്പിച്ചെന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് അവളാണ്..എന്നിട്ട് താനും അച്ഛനും അമ്മയും പെണ്ണ് ചോദിച്ച് ചെന്നപ്പോൾ അവളുടെ വീട്ടുകാർ അപമാനിച്ചു വിട്ടത്...ഒന്നും മറക്കാനാവുന്നില്ല. ജാതിയുടെ മതിൽക്കെട്ട് തങ്ങൾക്കിടയിൽ ഉണ്ടെന്ന് മനസ്സിലാക്കിയത് അന്നാണ്.  ആ സംഭവത്തിനു ശേഷം അവളും താനും സംസാരിച്ചിട്ടില്ല. കാണണമെന്ന് പലവട്ടം കരുതിയതാണ്.  പക്ഷേ തന്റെ അഭിമാനം അതിന് അനുവദിച്ചില്ല. അന്ന് അവളുടെ വീട്ടിൽ നിന്ന് കുത്ത് വാക്കുകൾ കേട്ട് നീറിപ്പുകഞ്ഞ അച്ഛന്റേയും അമ്മയുടേയും മുഖം ഇപ്പഴും കണ്ണിൽ നിന്ന് മായുന്നില്ല. ക്ഷമ ചോദിച്ച് അവൾ വിളിക്കുന്നതും. അവളെ സമാധാനിപ്പിച്ച് തന്റെ ഇഷ്ടം ഇപ്പോഴും ഒരു തരിമ്പ് പോലും കുറയാതെയുണ്ടെന്ന് അറിയിക്കുന്നതും അവസാനം ആരും കാണാതെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് വന്ന് വിവാഹം കഴിക്കുന്നതും തന്റെ കണ്ട് തഴമ്പിച്ച സ്വപ്നങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ജോലി കിട്ടിയതും ഈ ഫ്ലാറ്റിലേക്ക് താമസം മാറിയതും അവൾ അറിഞ്ഞിരുന്നു എന്നിട്ടും..തന്റെ കാത്തിരിപ്പ് വെറുതെയായി. അതോ താൻ വിളിക്കുമെന്ന് കരുതി അവൾ ഇത്രനാൾ കാത്തിരുന്നിട്ടുണ്ടാവുമോ?.

ഓഫീസിൽ പോകാറായെന്ന വിവരം ക്ലോക്ക് അയാളെ ഓർമ്മപ്പെടുത്തി. അയാൾ സോഫയിൽ നിന്നും എഴുന്നേറ്റു. അനക്കം തട്ടിയപ്പോൾ ചവറ്റുകുട്ടയിൽ നിന്നും ഒരു പാറ്റ ചുവരിലേക്ക് ഓടിക്കയറി..