Wednesday 12 October 2011

ഒരു വാര്‍ത്ത....


                                  കഴിഞ്ഞ ദിവസം പത്രത്തിൽ വന്ന ഒരു വാർത്ത എന്റെ ശ്രദ്ധയിൽ പെട്ടു. ജീവിതത്തിൽ സംതൃപ്തരായി ഭാര്യാഭർത്താക്കന്മാർ ആത്മഹത്യ ചെയ്തിരിക്കുന്നു. ആത്മഹത്യക്ക്  ഇങ്ങനെ ഒരു കാരണം ഞാൻ ആദ്യമായി കേൾക്കുകയാണ്. സംഭവം നടന്നത് ഗോവയിലാണ്. രണ്ടുപേരും ഐ ടി ജീവനക്കാർ. കണ്ടെടുക്കുമ്പോൾ ജഡങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടായിരുന്നുവത്രേ!. സ്വന്തം ഇഷ്ടപ്രകാരമാണ്  ജീവനൊടുക്കുന്നതെന്നും മറ്റാർക്കും അതിൽ യാതൊരു പങ്കുമില്ലെന്നും അറിയിച്ച് രണ്ടു പേരും ഒപ്പിട്ട കത്ത് പോലീസ് കണ്ടെടുത്തു. അതിന്റെ ഉള്ളടക്കം ഇതായിരുന്നു. "ഞങ്ങൾ വളരെ സംഭവബഹുലവും സന്തോഷകരവുമായ ജീവിതം നയിച്ചു. ഒരുപാട്  സ്ഥലങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്തു. പല രാജ്യങ്ങൾ സന്ദർശിച്ചു. വിചാരിച്ചതിലധികം പണവും സമ്പാദിച്ചു. ഞങ്ങളുടെ ജീവൻ ഞങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ജീവിക്കുവാനുള്ള അവകാശം പോലെ തന്നെ മരിക്കുവാനുമുള്ള അവകാശം ഞങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്നു". അങ്ങനെ തുടർന്നു പോകുന്ന കത്തിൽ, തങ്ങൾക്ക് കടങ്ങളും ബാധ്യതകളും ഇല്ലെന്നും, ബന്ധുക്കളെ വിവരമറിയിച്ചതിനു ശേഷം തങ്ങളുടെ ശരീരങ്ങൾ ഗവണ്മെന്റ് വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിക്കണമെന്നും ഉണ്ടായിരുന്നു. മരണാനന്തര ചടങ്ങുകൾക്കായി തൊട്ടടുത്തു തന്നെ 10,000 രൂപയും വച്ചിരുന്നു. വാർത്ത വായിച്ച് ഞാൻ അത്ഭുതപ്പെട്ടു. ആത്മഹത്യ ചെയ്യാൻ എന്തൊക്കെ കാരണങ്ങളാണ്. കടബാധ്യത, പ്രേമ നൈരാശ്യം, പരീക്ഷാ തോൽവി എന്നിങ്ങനെയുള്ള കാരണങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊന്ന് ആദ്യമാണ്. നമ്മുടെ ജീവനെ നമുക്കു തന്നെ വിലയില്ലെങ്കിൽ പിന്നെ മറ്റുള്ളവർക്ക് എങ്ങനെ വിലയുണ്ടാകും?.


                                   
                                ജീവൻ നൽകാനും തിരിച്ചെടുക്കാനുമുള്ള അവകാശം ദൈവത്തിന് വിട്ടുകൊടുത്തു കൂടെ? പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളില്ല. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അത് ഒരർഥത്തിൽ ജീവിതത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമാണ്. പ്രശ്നങ്ങൾ നെരിടാനുള്ള ധൈര്യം വീണ്ടെടുത്ത് അവയ്ക്ക് പരിഹാരം കണ്ടെത്തി ജീവിതം മുന്നോട്ട് നയിക്കുന്നത് എത്രയോ അഭിമാനകരമാണ്!. എടുത്ത് ചാടി ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് ഒന്നോർക്കണം, മരിക്കുവാൻ പ്രെരിപ്പിക്കുന്ന ഒരു കാരണത്തെ പറ്റി ചിന്തിക്കുന്നതിനേക്കാൾ എത്രയോ മഹത്തരമാണ് ജീവിക്കുവാനുള്ള പല കാരണങ്ങളെ പറ്റി ചിന്തിക്കുന്നത്.

Friday 7 October 2011

തുടക്കം

                                                ഒരു ബ്ലോഗ് തുടങ്ങണം എന്ന് വളരെ മുമ്പ് തന്നെ ആഗ്രഹം തോന്നിയതാണ്. പക്ഷേ എന്തുകൊണ്ടോ ഇപ്പോഴാണ്  സമയം ഒത്തു വന്നത്.  ഓരോ കാര്യത്തിനും ഓരോ സമയം ഉണ്ട്, അത് അപ്പോഴേ നടക്കൂ. പിന്നെ, ഇന്ന്  ഏഴാം തിയ്യതി ആണ്. ഞാൻ ജനിച്ചത് ഒക്ടോബർ 16 ന് ആണ്. അപ്പോൾ 1+6=7, 7 എന്റെ ഭാഗ്യ നമ്പർ ആയിരിക്കണം. എനിക്ക് സംഘ്യാ ശാസ്ത്രത്തിലൊന്നും അത്ര വിശ്വാസമില്ല. എന്നാലും തുടങ്ങാൻ ഒരു കാരണമായീന്ന് മാത്രം. ഇടക്കെങ്കിലും എന്റെ ബ്ലോഗ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും എന്ന വിശ്വാസത്തോടെ ഇന്ന് ഞാൻ വിട പറയുന്നു.