Wednesday, 12 October 2011

ഒരു വാര്‍ത്ത....


                                  കഴിഞ്ഞ ദിവസം പത്രത്തിൽ വന്ന ഒരു വാർത്ത എന്റെ ശ്രദ്ധയിൽ പെട്ടു. ജീവിതത്തിൽ സംതൃപ്തരായി ഭാര്യാഭർത്താക്കന്മാർ ആത്മഹത്യ ചെയ്തിരിക്കുന്നു. ആത്മഹത്യക്ക്  ഇങ്ങനെ ഒരു കാരണം ഞാൻ ആദ്യമായി കേൾക്കുകയാണ്. സംഭവം നടന്നത് ഗോവയിലാണ്. രണ്ടുപേരും ഐ ടി ജീവനക്കാർ. കണ്ടെടുക്കുമ്പോൾ ജഡങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടായിരുന്നുവത്രേ!. സ്വന്തം ഇഷ്ടപ്രകാരമാണ്  ജീവനൊടുക്കുന്നതെന്നും മറ്റാർക്കും അതിൽ യാതൊരു പങ്കുമില്ലെന്നും അറിയിച്ച് രണ്ടു പേരും ഒപ്പിട്ട കത്ത് പോലീസ് കണ്ടെടുത്തു. അതിന്റെ ഉള്ളടക്കം ഇതായിരുന്നു. "ഞങ്ങൾ വളരെ സംഭവബഹുലവും സന്തോഷകരവുമായ ജീവിതം നയിച്ചു. ഒരുപാട്  സ്ഥലങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്തു. പല രാജ്യങ്ങൾ സന്ദർശിച്ചു. വിചാരിച്ചതിലധികം പണവും സമ്പാദിച്ചു. ഞങ്ങളുടെ ജീവൻ ഞങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ജീവിക്കുവാനുള്ള അവകാശം പോലെ തന്നെ മരിക്കുവാനുമുള്ള അവകാശം ഞങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്നു". അങ്ങനെ തുടർന്നു പോകുന്ന കത്തിൽ, തങ്ങൾക്ക് കടങ്ങളും ബാധ്യതകളും ഇല്ലെന്നും, ബന്ധുക്കളെ വിവരമറിയിച്ചതിനു ശേഷം തങ്ങളുടെ ശരീരങ്ങൾ ഗവണ്മെന്റ് വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിക്കണമെന്നും ഉണ്ടായിരുന്നു. മരണാനന്തര ചടങ്ങുകൾക്കായി തൊട്ടടുത്തു തന്നെ 10,000 രൂപയും വച്ചിരുന്നു. വാർത്ത വായിച്ച് ഞാൻ അത്ഭുതപ്പെട്ടു. ആത്മഹത്യ ചെയ്യാൻ എന്തൊക്കെ കാരണങ്ങളാണ്. കടബാധ്യത, പ്രേമ നൈരാശ്യം, പരീക്ഷാ തോൽവി എന്നിങ്ങനെയുള്ള കാരണങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊന്ന് ആദ്യമാണ്. നമ്മുടെ ജീവനെ നമുക്കു തന്നെ വിലയില്ലെങ്കിൽ പിന്നെ മറ്റുള്ളവർക്ക് എങ്ങനെ വിലയുണ്ടാകും?.


                                   
                                ജീവൻ നൽകാനും തിരിച്ചെടുക്കാനുമുള്ള അവകാശം ദൈവത്തിന് വിട്ടുകൊടുത്തു കൂടെ? പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളില്ല. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അത് ഒരർഥത്തിൽ ജീവിതത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമാണ്. പ്രശ്നങ്ങൾ നെരിടാനുള്ള ധൈര്യം വീണ്ടെടുത്ത് അവയ്ക്ക് പരിഹാരം കണ്ടെത്തി ജീവിതം മുന്നോട്ട് നയിക്കുന്നത് എത്രയോ അഭിമാനകരമാണ്!. എടുത്ത് ചാടി ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് ഒന്നോർക്കണം, മരിക്കുവാൻ പ്രെരിപ്പിക്കുന്ന ഒരു കാരണത്തെ പറ്റി ചിന്തിക്കുന്നതിനേക്കാൾ എത്രയോ മഹത്തരമാണ് ജീവിക്കുവാനുള്ള പല കാരണങ്ങളെ പറ്റി ചിന്തിക്കുന്നത്.

10 comments:

 1. ജീവന്‍ ഉണ്ടാകുന്നതും ഇല്ലാതാകുന്നതും ഒരു ബയോളജിക്കല്‍ പ്രോസസ് ആണ്. മറ്റുള്ളവര്‍ അതിനു കാരണം ആകുന്നു എന്ന് മാത്രം. എനിക്ക് ജീവന്‍ നല്‍കാന്‍ ആര്‍ക്ക് അവകാശം എന്ന് ഞാന്‍ ചോദിച്ചാല്‍? അതുകൊണ്ട് അതിനുശേഷം ഉള്ള എന്റെ ജീവനെങ്കിലും എനിക്ക് അവകാശം വേണം എന്ന് ഞാന്‍ കരുതുന്നു.

  ആത്മഹത്യ എപ്പോഴും ഇറാഷണല്‍ എന്ന് എനിക്ക് അഭിപ്രായമില്ല. അത് തീരുമാനിക്കുന്ന ആളിന്റെ സാഹചര്യവും റീസണിങ്ങും ഒക്കെ ബന്ധപ്പെട്ടിരിക്കുന്നു. ലിബറലിസം പറയുന്നത് ഒരാളുടെ ജീവിതതിന്മേലുള്ള അവകാശം അയാള്കാണ് എന്നാണ്. നിങ്ങളുടെ ഐടിയല്സ് അയാളുടെ മേല്‍ അടിചെല്‍പിച്ചു അയാളെ അയാള്‍ക് ഇഷ്ടമില്ലാത്ത ജീവിതത്തിനു പ്രേരിപ്പിക്കാന്‍ നമ്മള്കാര്കും അവകാശമില്ല.

  പിന്നെ സ്നേഹം സഹായം എന്നിവ കൊണ്ട് ചിലത് ഒഴിവാക്കാനാകും. പക്ഷെ അത് വേണ്ടവര്‍ വേണം വേണം എന്ന് വിളിച്ചു നടക്കുമോ? നടന്നാലും എപ്പോഴും കിട്ടുമോ? മിക്കപ്പോഴും എല്ലാം കഴിഞ്ഞു പരിതപിക്കുന്നവര്‍ മാത്രമേ ഉള്ളൂ.

  ആത്മഹത്യയില്‍ മാത്രം റീസണിങ്ങും ഇല്ല, യുക്തി ഇല്ല, വിശദീകരണം ഇല്ല എന്നുള്ള അന്ധമായ വിശ്വാസം കളയുക. ചില പ്രത്യേക സാഹചര്യങ്ങളില്‍ അതില്‍ യുക്തി വരാം....

  ReplyDelete
 2. @dreamer: താങ്കൾ പറഞ്ഞത് കുറേയൊക്കെ ശരിയാണ്. എല്ലാം കഴിഞ്ഞ് പരിതപിക്കുന്നവർ തന്നെയാണ് അധികവും.പക്ഷെ ആ ഒരു രീതിക്ക് മാറ്റം വരണ്ടേ?.ആത്മഹത്യ ഒരിക്കലും നല്ല ഒരു പ്രവണതയല്ല.
  ഒരാൾ ആത്മഹത്യ ചെയ്യുന്നത് ചിലപ്പൊൾ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടായിരിക്കും പക്ഷേ, അവരുടെ വേർപാട് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സുഹ്രുത്ത്ക്കൾക്കുമൊക്കെ ഉണ്ടാക്കുന്ന നഷ്ടമോ? അവർക്കത് എത്ര മാത്രം വേദനയുണ്ടാക്കും?.മറ്റുള്ളവരെ വേദനിപ്പിച്ച് കൊണ്ട് അവർ ജീവിതത്തിൽ നിന്നും ഒളിച്ചോടുകയാണ്.
  താങ്കൾ പറഞ്ഞ പോലെ സ്നേഹവും സഹായവും വേണ്ടവർ അത് വിളിച്ച് നടക്കാറില്ല.പക്ഷെ അവരെ സഹായിക്കാൻ തയറുള്ളവർ ഉണ്ടെങ്കിലോ?.ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രശ്നം പരിഹരിക്കാവുന്നതാണെങ്കിലോ?.സ്വന്തം ജീവനുമേൽ ഒരോരുത്തർക്കും അവകാശം ഉണ്ട്.പക്ഷേ ആത്മഹത്യ എല്ലാറ്റിനും പരിഹാരമാകുമോ?.ആത്മഹത്യ ചെയ്യാൻ ചിലപ്പോൾ ഒരു കാരണമേ കാണൂ.പക്ഷെ ജീവിക്കാൻ എത്രയെത്ര കാരണങ്ങളുണ്ട്.മറ്റുള്ളവരെ നമ്മൾ ജീവിക്കാൻ പ്രേരിപ്പിക്കുകയല്ലേ വേണ്ടത്. 100% ശതമാനം സക്ഷരതയുള്ള നമ്മുടെ കേരളത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത്!!!!

  ഞാനെന്റെ അഭിപ്രായം പറഞ്ഞുവെന്നേ ഉള്ളു കേട്ടോ..കമന്റിന് നന്ദി..

  ReplyDelete
 3. @റിഷ്: ആത്മഹത്യ ഒരു നല്ല പ്രവണത ആണെന്ന് എനിക്കും അഭിപ്രായം ഇല്ല കേട്ടോ, അത് തികച്ചും അങ്ങേയറ്റം ഒരു റാഷണല്‍ ചോയ്സ് ആകും വരെ. 90 ശതമാനം ആത്മഹത്യകളും അങ്ങിനെ ഒരു ചോയ്സ് ആണെന്നും ഞാന്‍ കരുതുന്നില്ല. ആ സാഹചര്യത്തില്‍ താങ്കളുടെ പോയിന്റ്സ് വിലയേറിയത് തന്നെ. നമ്മുടെ അയ്ടിയല്സ് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ആത്യന്തികമായി നമുക്ക് അവകാശം ഇല്ലെന്നും ആത്മഹത്യയിലും റാഷണാലിറ്റി ഉണ്ടാകുമെന്നെ ഞാന്‍ സൂചിപ്പിച്ചുള്ളൂ. അഥവാ എല്ലാത്തിലും നമ്മുടെ തത്വങ്ങള്‍ക്ക് അപ്പുറത്ത് നില്‍കുന്ന പുതിയ തത്വങ്ങള്‍ ഉണ്ട്. എല്ലാ അനുമാനത്തിലെക്കും നമ്മള്‍ ഈ ഓരോ വഴിയിലുടെയും നടന്നു വരാന്‍ നോക്കണം. അപ്പോള്‍ അവസാനം നമ്മള്‍ക്ക് മനസ്സിലാകും ഇതില്‍ ഒന്നും ഒരു പോയിന്റ്‌ ഉം ഇല്ലെന്നു..... അന്ന് നമ്മള്‍ എഴുത്ത് നിര്‍ത്തും. :D .

  നന്നായിട്ടുണ്ട്. അതുവരെ ഇനിയും എഴുതൂ,

  ReplyDelete
 4. മരിക്കാനുള്ള അവകാശം ഒരാൾക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് (ചുമ്മാ വാശി പിടിക്കല്ലേ

  :| :) :O

  ReplyDelete
 5. @പടിപ്പുര : വാശിയൊന്നുമില്ല.ആത്മഹത്യയെ കുറിച്ചുള്ള എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം..

  ReplyDelete
 6. ജീവിച്ചിരിക്കാന്‍ അവകാശം ഉള്ളപ്പോള്‍ മരിക്കാനും അവകാശം ഇല്ലേ?മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയില്‍ ഏറ്റവും നല്ല ചോയ്സ് അതാണ്‌ എന്ന് തോന്നുന്നു.

  പിന്നെ നഷ്ട്ടങ്ങള്‍ . കാലം മായ്ക്കാത്ത മറക്കാത്ത നഷ്ട്ടങ്ങള്‍ ഉണ്ടോ ?

  നന്നായി എഴുതി..വീണ്ടും വരാം..

  ReplyDelete
 7. @Villagemaan/വില്ലേജ്മാന്‍ :നന്ദി...

  ജീവിച്ചിരിക്കാൻ ഉള്ള നമ്മുടെ അവകാശം നമ്മൾ തന്നെ നിഷേധിക്കുകയല്ലേ ആത്മഹത്യയിലൂടെ?.ഒരമ്മക്ക് മകനെയോ മകളേയോ നഷ്ടപ്പെട്ടാൽ ആ നഷ്ടം കാലത്തിനു മായ്ക്കാൻ കഴിയുമോ?അത് ആ അമ്മയുടെ തീരാ വേദനയായിരിക്കും..കൂട്ട ആത്മഹത്യകളിൽ മക്കൾ മാത്രം രക്ഷപ്പെട്ട എത്രയോ സംഭവങ്ങൾ..മാതാപിതാക്കൾ നഷ്ടപ്പെട്ട അവരുടെ വേദന കാലത്തിനു മായ്ക്കാൻ എങ്ങനെ കഴിയും?

  ReplyDelete
 8. കൊള്ളം....സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുക.

  ReplyDelete
 9. എടുത്തു ചാടി ഒരു തീരുമാനമെടുക്കുന്നതിനു മുൻപ് ഒന്നോ‍ർക്കണം, മരിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു കാരണത്തെപ്പറ്റി ചിന്തിക്കുന്നതിനേക്കാൾ എത്രയോ മഹത്തരമാണ് ജീവിക്കുവാനുള്ള പല കാരണങ്ങളെപ്പറ്റി ചിന്തിക്കുന്നത്……

  ReplyDelete