Tuesday, 10 July 2012

നാളെ


നാളെകൾക്ക് ഒരു കറുത്ത മൂടുപടമുണ്ട്
മറ നീക്കി പുറത്ത് വരാത്ത എന്തെല്ലാമോ
ഞാൻ  യാത്ര തിരിക്കുകയാണ്
ആടിയുലയുന്ന തോണിയിൽ ഞാൻ ഏകനാണ്
മുള വരാൻ വെമ്പുന്ന സ്വപ്നങ്ങൾ
അവ എനിക്കിന്നൊരു ഭാരമാണ്
വെറുതെ ചുമക്കുകയാണ് ഞാൻ
മുള വരുമ്പോഴേ വാടിക്കരിയും
നിഴലുകൾ കൊഞ്ഞനം കുത്തുന്നു
കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ തുഴയുകയാണ്
തിരിച്ച് തുഴയാൻ ഇനി ആവില്ല...
എങ്ങോട്ടാണ് നീ വഴിയറിയാതെ?
എവിടെ നിന്നോ ഒരു ചോദ്യമുയരുന്നു..
കേട്ടില്ലെന്ന് നടിക്കുകയാണ്
ഉത്തരത്തിനായ് പരതിയാൽ ഇരുട്ടാണ്
അത് അറിയുക തിരയ്ക്കും കാറ്റിനും മാത്രം!!

Monday, 16 April 2012

ഞാൻ തിരിച്ചെത്തീട്ടോ....


                                                 ഇത്രയൊക്കെ ഉള്ളു മനുഷ്യന്റെ കാര്യം..ഫബ്രുവരി ഒന്നാം തിയ്യതി ഒരു പൊസ്റ്റ് ഇട്ടേച്ച് പോയ പോക്കാ. ഇപ്പോ ദാ വീണ്ടും വന്നേക്കുന്നു.!!! എന്തു ചെയ്യാനാ? ബിസി ആയിപ്പോയി. ചില ഒഴിവാക്കാനാവത്ത തിരക്കുകൾ. ഞാൻ മണ്മറഞ്ഞ് പോയി എന്ന് ആരും കരുതിയില്ലല്ലോ അല്ലേ? ഇതിനിടയിൽ പലതും സംഭവിച്ചു കേട്ടോ.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഞാൻ ഒരു ഏവിയോണിക്സ് എഞ്ചിനിയറായി. ഈ പറഞ്ഞ സാധനം ആയെന്നല്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. എഞ്ചിനിയറിങ്ങിനു ചേരുമ്പോ ഞാൻ ചിന്തിച്ചു "എന്റീശ്വരാ.ഞാൻ എഞ്ചിനിയറായാൽ എന്തൊക്കെയാ ഈ ഭൂമിയിൽ സംഭവിക്കാൻ പോകുന്നത്.? " അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റും തയാറാക്കിയിരുന്നതായിട്ടാണ് എന്റെ ഓർമ്മ. പക്ഷേ അതൊന്നും നമ്മളെക്കൊണ്ട് സാധിക്കൂലെന്ന് കഴിഞ്ഞപ്പോ മനസിലായി. പോരാത്തതിനു എന്തൊക്കെയാ ലിസ്റ്റിൽ ഉണ്ടായിരുന്നതെന്ന് ഇപ്പോ മറന്നും പോയി!!!. ഇപ്പോ M.Tech നു ചേരാൻ ആപ്ലിക്കേഷനും ഫിൽ ചെയ്ത് ഇരിക്കുവാ.എന്താവോ എന്തോ?. എന്തായാലും ഇനി M.Tech കഴിഞ്ഞിട്ട് തീരുമാനിക്കാം എന്ത് ചെയ്യണമെന്ന് അല്ലേ?.ഇനി ഇടക്കെങ്കിലും വല്ല പോസ്റ്റും ഇടാൻ സാധിക്കും എന്നാ വിചാരിക്കണേ..പക്ഷേ ഒന്നും കയ്യിൽ ഇരിപ്പില്ല. കുറേ നാളായിട്ട് ബൂലോകത്തിൽ എന്ത് സംഭവിച്ചു എന്നും അറിവില്ല. കേറി നോക്കീട്ട് നാളു കുറേ ആയേ.അതാ..പിന്നെ പുതിയ വിശേഷം വല്ലതും ഉണ്ടെങ്കിൽ ഈ പാവത്തിനെ അറിയിക്കണം കേട്ടോ.എന്റെ വിശേഷം ഇത്രയൊക്കെയേ ഉള്ളു. എഴുതിയ കഥക്ക് തരക്കേടില്ലാത്ത മോശം കമന്റുണ്ട് എന്നു കണ്ടു. ഹോ..ഇനി ഞാൻ നൊക്കിയും കണ്ടുമൊക്കെയെ എഴുതുന്നുള്ളു..അടുത്ത പോസ്റ്റുകളിൽ എല്ലാം ശരിയാക്കാം കേട്ടോ..

                   കുറേ പേരുടെ പുതിയതും പഴയതുമായ പോസ്റ്റുകൾ വായിക്കാൻ കിടപ്പുണ്ട്.അതൊക്കെ ഒന്നു എടുത്ത് നോക്കട്ടെ. അപ്പോ പിന്നെ കാണാം..നന്ദി....

സസ്നേഹം....റിഷ് സിമെന്തി

Wednesday, 1 February 2012

ഓർമ്മകളുടെ തീരത്ത്


                          പതിവു പോലെ രാവിലെ എഴുന്നേറ്റ് രാജീവ് ആദ്യം നോക്കിയത് പത്രം വന്നോ എന്നാണ്.  പത്രത്തോടൊപ്പം വന്ന ഏതോ കടലാസ് കുറച്ച് മാറി കിടന്നിരുന്നു. അത് കയ്യിലെടുത്ത്  അയാൾ വായിച്ചു നോക്കി. ഏതോ തുണിക്കട ഉത്ഘാടനം ചെയ്യപ്പെടാൻ പോകുന്നു. "പെണ്ണിനെ പട്ടുടുപ്പിക്കാൻ.." എന്ന അതിന്റെ തലക്കെട്ട് വായിച്ചപ്പോൾ എന്തെന്നില്ലാതെ ചിരി വന്നു. തന്റേയും രാജേന്ദ്രൻ പോറ്റിയുടേയും ഫ്ലാറ്റിൽ മാത്രമാണ് മലയാളം പത്രങ്ങൾ വരുത്തുന്നുള്ളു എന്ന് പത്രമിടാൻ വരുന്ന പയ്യൻ പറഞ്ഞത് അയാൾ ഓർത്തു.

 "സാർ..സാറിനോരു കാർഡോ മറ്റോ വന്നിട്ടുണ്ട്". വാച്ച്മാൻ ഗോവിന്ദനാണ്. അയാൾ അത് രാജീവിന്റെ കയ്യിൽ കൊടുത്തു.

 "രണ്ട് ദിവസം മുമ്പ് വന്നതാ. മുകളിലത്തെ ഫ്ലാറ്റിലെ അർജ്ജുൻ സാറിന് വന്ന കത്തുകളുടെ കൂട്ടത്തിൽ പേട്ടു പൊയി. സാറിന് തരാൻ എന്നെ ഏൽപ്പിച്ചു..".ഗോവിന്ദന്റെ ശബ്ദത്തിൽ ഉറക്ക ചടവ് പ്രകടമാണ്..
                         
കയ്യിൽ കിട്ടിയ കവറിന്റെ പുറത്തുകൂടെ അയാൾ കണ്ണോടിച്ചു..വിവാഹ ക്ഷണക്കത്താണ്.  "മീനു വെഡ്സ് സുനിൽ ".

"ഞാൻ പോട്ടെ സാറെ.."..വാച്ച്മാന്റെ ശബ്ദത്തിൽ തിടുക്കം..

"ഉം..ശെരി...".കണ്ണിൽ നിന്ന് അക്ഷരങ്ങളെ പടിയിറക്കാതെ അയാൾ തലയാട്ടി.

                             അങ്ങനെ  മീനു വിവാഹിതയാകുന്നു. അവൾ മറ്റൊരുത്തന്റേതാകുന്നു. ഓർമകളുടെ തീരത്ത് തനിച്ചായത് പോലെ അയാൾക്ക് തോന്നി. സ്വപ്നങ്ങളിൽ എന്നും അവൾ ഉണ്ടായിരുന്നു. താൻ അവളെ മറന്നിരുന്നില്ല എന്നതാണ് ശരി. എഞ്ചിനീയറിങ്ങിന് തന്റെ ജൂനിയറായിരുന്ന പെൺകുട്ടി. റാഗ് ചെയ്തപ്പോ പാട്ട് പാടാനറിയില്ലെന്ന് പറഞ്ഞ് ഏങ്ങിക്കരഞ്ഞ് അവസാനം തല ചുറ്റി വീണതും താൻ രണ്ട് ദിവസം സസ്പെൻഷനിലായതും അയാളുടെ ഓർമകളിലേക്കോടിയെത്തി.  സൗഹൃദം പിന്നീടെപ്പഴോ പ്രണയമായി വളർന്നു. മൂന്ന് വർഷത്തെ പ്രണയം!!. എന്നിട്ടും അവൾ തന്നെ മനസിലാക്കിയില്ല. ഓർമകൾ തികട്ടി വന്നപ്പോൾ അയാൾ അസ്വസ്ഥനായി.

                                ദീർഘമായി ഒന്ന് നിശ്വസിച്ച് അയാൾ സോഫയിൽ ചാരിയിരുന്നു.എവിടെയാണ് തനിക്ക് പിഴച്ചത്?. താൻ വീട്ടിൽ കാര്യം അവതരിപ്പിച്ചെന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് അവളാണ്..എന്നിട്ട് താനും അച്ഛനും അമ്മയും പെണ്ണ് ചോദിച്ച് ചെന്നപ്പോൾ അവളുടെ വീട്ടുകാർ അപമാനിച്ചു വിട്ടത്...ഒന്നും മറക്കാനാവുന്നില്ല. ജാതിയുടെ മതിൽക്കെട്ട് തങ്ങൾക്കിടയിൽ ഉണ്ടെന്ന് മനസ്സിലാക്കിയത് അന്നാണ്.  ആ സംഭവത്തിനു ശേഷം അവളും താനും സംസാരിച്ചിട്ടില്ല. കാണണമെന്ന് പലവട്ടം കരുതിയതാണ്.  പക്ഷേ തന്റെ അഭിമാനം അതിന് അനുവദിച്ചില്ല. അന്ന് അവളുടെ വീട്ടിൽ നിന്ന് കുത്ത് വാക്കുകൾ കേട്ട് നീറിപ്പുകഞ്ഞ അച്ഛന്റേയും അമ്മയുടേയും മുഖം ഇപ്പഴും കണ്ണിൽ നിന്ന് മായുന്നില്ല. ക്ഷമ ചോദിച്ച് അവൾ വിളിക്കുന്നതും. അവളെ സമാധാനിപ്പിച്ച് തന്റെ ഇഷ്ടം ഇപ്പോഴും ഒരു തരിമ്പ് പോലും കുറയാതെയുണ്ടെന്ന് അറിയിക്കുന്നതും അവസാനം ആരും കാണാതെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് വന്ന് വിവാഹം കഴിക്കുന്നതും തന്റെ കണ്ട് തഴമ്പിച്ച സ്വപ്നങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ജോലി കിട്ടിയതും ഈ ഫ്ലാറ്റിലേക്ക് താമസം മാറിയതും അവൾ അറിഞ്ഞിരുന്നു എന്നിട്ടും..തന്റെ കാത്തിരിപ്പ് വെറുതെയായി. അതോ താൻ വിളിക്കുമെന്ന് കരുതി അവൾ ഇത്രനാൾ കാത്തിരുന്നിട്ടുണ്ടാവുമോ?.

ഓഫീസിൽ പോകാറായെന്ന വിവരം ക്ലോക്ക് അയാളെ ഓർമ്മപ്പെടുത്തി. അയാൾ സോഫയിൽ നിന്നും എഴുന്നേറ്റു. അനക്കം തട്ടിയപ്പോൾ ചവറ്റുകുട്ടയിൽ നിന്നും ഒരു പാറ്റ ചുവരിലേക്ക് ഓടിക്കയറി..

Sunday, 15 January 2012

രണ്ട് സ്വപ്നദർശികൾ - ഗ്രേസി


                                       
                                                 കഴിഞ്ഞ ദിവസം മുറി വൃത്തിയാക്കുന്നതിനിടയിൽ അതെനിക്ക് കിട്ടി.കളഞ്ഞു പോയെന്ന് ഞാൻ കരുതിയിരുന്ന ആ ചെറുകഥാ പുസ്തകം!!. ഗ്രേസി എന്ന എഴുത്തുകാരിയുടെ പതിനാറു ചെറുകഥകൾ അടങ്ങിയ "രണ്ട് സ്വപ്നദർശികൾ" എന്ന പുസ്തകം. ഞാൻ ഏഴാം ക്ലാസ്സിൽ ആയിരുന്നപ്പോ ഒരു ചെറുകഥാ മത്സരത്തിൽ വിജയിച്ചതിന് കിട്ടിയ സമ്മാനമാണ്. ചെറിയ തോതിൽ കവിതകൾ എഴുതുമായിരുന്നെങ്കിലും ഞാൻ അദ്യമായി കഥ എഴുതിയത് ആ മത്സരത്തിനാണ്. എന്നെ സംബന്ധിച്ച് ഏറെ വിലയേറിയതായിരുന്നു അത്. അതിലെ ഓരോ കഥയും ഞാൻ പല തവണ വായിച്ചു. പിന്നീടെപ്പൊഴോ  ഞാൻ അത് മറന്നു. അതേ കുറിച്ചോർത്തപ്പോൾ തിരഞ്ഞെങ്കിലും കിട്ടിയിരുന്നില്ല. ഇന്നീ കുറിപ്പെഴുതുമ്പോൾ അതെന്റെ അരികിലുണ്ട്. മങ്ങി തുടങ്ങിയ ആ പേജുകളിലെ അക്ഷരങ്ങൾക്ക്  ഇപ്പോഴും ആ പ്രസരിപ്പ് നഷ്ടപ്പെട്ടിട്ടില്ല. ഇനിയും എഴുതാനുള്ള ഊർജ്ജം അതെനിക്ക് തരുന്നുണ്ട്. പക്ഷെ ഒരു ആത്മവിശ്വാസക്കുറവുണ്ട്. എഴുതിയ കഥകൾ പിന്നീട് എടുത്ത് വായിക്കുമ്പോൾ നിറയെ അബദ്ധങ്ങൾ!!!..കുറച്ചെങ്കിലും കുഴപ്പമില്ലെന്ന് തോന്നിയാൽ ഞാൻ അത് പോസ്റ്റ് ചെയ്യാം. തെറ്റുകുറ്റങ്ങൾ നിങ്ങൾ ചൂണ്ടി കാണിച്ച് തരും എന്ന് ഞാൻ വിശ്വസിക്കുന്നു.

 ആശംസിക്കാൻ വളരെ വൈകിപ്പോയെന്നറിയാമെങ്കിലും എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവൽസരാശംസകൾ!!!!. 2012 ൽ എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ.
                                           ഏറെ സ്നേഹത്തോടെ...
                                                                                    റിഷ്....