Friday, 2 December 2011

മരിക്കാത്ത പ്രണയം


പ്രണയമെന്തെന്നറിവതിൻ മുമ്പേ
നീയെന്ന സ്നേഹമെൻ ഹൃദയത്തിലാഴ്ന്നു പോയ്
വീണ്ടും ഇണങ്ങുവാൻ മാത്രമായ് എത്രയോ-
പിണങ്ങിയിട്ടുണ്ട് പലതും പറഞ്ഞു നാം
ഏതോ പിണക്കത്തിൻ ബാക്കിയാം കണീരിൽ
നിന്നാത്മാർഥ സ്നേഹത്തിൻ ആഴമറിഞ്ഞു ഞാൻ
മരവിച്ച മനസ്സിലായ് മരിക്കാത്തൊരോർമ്മയായ്
ഇപ്പോഴുമുണ്ട് നീ കണ്ണീരിൻ നനവിലായ്
മിഴിനീരുണങ്ങാത്ത രാത്രികൾ നൽകി നീ
എന്നെ തനിച്ചാക്കി പോയതെന്തേ?
വിതുമ്പലൊടുങ്ങാത്ത ഹൃദയത്തിനറകളിൽ
ഇന്നും മുഴങ്ങുന്നു വിരഹത്തിൻ തേങ്ങലുകൾ
പിരിയില്ല മരണം വരെയെന്നൊരിക്കൽ നീ
പറഞ്ഞതിൻ അർത്ഥം അറിയുവാൻ വൈകിപ്പോയ്
നിൻ ഓർമ്മ തൻ മുറിവുകൾ തീരെ ഉണങ്ങാതെ
ഹൃദയത്തിൻ ആഴത്തിൽ ഉണ്ടെനിക്കിപ്പൊഴും
ഇന്നും ഉൾക്കൊള്ളുവാനാവത്തതായുള്ളത്
നിൻ മരണമാം സത്യം മാത്രമാണോമനേ
മരണം പിരിച്ചെങ്കിൽ ഒരു കാര്യം തീർച്ച
മരണത്തിനപ്പുറം നാം ഒരുമിച്ചു ചേരും...

Sunday, 20 November 2011

നിനക്ക് ആത്മാർത്ഥതയില്ല


ഇല്ലാത്തവ  പറഞ്ഞു പരത്തുന്നത്
 മാന്യതയോ സുഹൃത്തേ?
ആത്മാർത്ഥത എന്നൊന്നുണ്ടെങ്കിൽ നീയെന്റെ
കുറവുകളാദ്യം എന്നോട് പറയണം
ആത്മാർത്ഥ സൗഹൃദമെന്നു നടിച്ചു നീ
മറ്റുള്ളവർ അറിയരുതെന്നാശിച്ചതെല്ലാം
നിന്നോട് മാത്രം ഞാൻ പങ്കു വച്ചു
മറ്റുള്ളോർക്കതു നീ പകുത്തു നൽകി
നമ്മുടെ ഹൃദയങ്ങൾക്കിപ്പോൾ അകലമുണ്ട്
എത്രയെന്നെനിക്കറിയില്ല, പക്ഷേ-
ഇനിയെനിക്കു നിൻ ഹൃദയത്തിലെത്താൻ
കാതങ്ങൾ ഒരുപാട് സഞ്ചരിക്കണം
നീ അണിഞ്ഞത്  കപടതയുടെ മുഖം മൂടിയെന്ന്
അറിയാൻ വൈകിയത് എന്റെ തെറ്റ്
സുഹൃത്തേ എനിക്ക് പറയാതെ വയ്യ
നിനക്ക് ആത്മാർത്ഥത തീരെയില്ലWednesday, 16 November 2011

എങ്ങനെ ഞാൻ?


മറുത്തൊന്നും പറയുവാനവില്ലെനിക്ക്
നാവ് നിങ്ങൾ പണ്ടേ അറുത്തെടുത്തില്ലേ?
നീങ്ങുവാൻ ഇനിയുമുണ്ട് ദൂരമേറേ
മുള്ളു വിതറിയ വഴിയിൽ നടക്കുവതെങ്ങനെ?
തീരമണയാൻ ഏറെയുണ്ടിനി
തുളയിട്ട തോണി ഞാൻ തുഴയുവതെങ്ങനെ?
ഉയരുവാൻ ഏറെ ഇനിയുമുണ്ട്
അരിഞ്ഞൊരീ ചിറകുമായ് ചെയ്യുവതെന്തു ഞാൻ?

Friday, 11 November 2011

തടവറയിലെ കൊലയാളി


എൻ ലോകം ഇന്നീ തടവറക്കുള്ളിൽ
ഇരുട്ടു പൊതിഞ്ഞൊരെൻ ചിന്തകൾ പേറി
ആശകൾ മരിച്ചിട്ടും മരിക്കാത്ത-
മനസ്സുമായ് ഇപ്പോഴും ജീവിച്ചിരിപ്പൂ ഞാൻ
പകലുകൾ നിറ സ്വപ്നങ്ങളാണെങ്കിലും
രാത്രികൾ ദു:സ്വപ്നങ്ങളാണെന്നും
മുമ്പേ മരിച്ചൊരെൻ കിനക്കളിലെപ്പൊഴോ
മരണമെന്നൊരാ സത്യമറിഞ്ഞു ഞാൻ
ഭാവിയെക്കുറിച്ചെനിക്കാശങ്കയില്ല
നാളെകൾ വിടരാത്ത പൂക്കൾ മാത്രം
മൊട്ടുകൾ എണ്ണപ്പെട്ടതാണെങ്കിലും
ഇനിയെത്രയെന്നൊരറിവുമില്ല
ഒരു ജീവനൊരിക്കലെടുത്തതിൻ ശിക്ഷയായ്
ഒരു നാളെൻ ജീവൻ കയറിലൊടുങ്ങിടും
തോന്നിയില്ലെനിക്കൊന്നുമേ കോടതി-
മുറിയിലാ ശബ്ദം തട്ടി മുഴങ്ങവേ
മനുഷ്യർ വിധിക്കുമീ ശിക്ഷക്കുമപ്പുറം
ദൈവത്തിൻ ശിക്ഷയും വെറെയുണ്ടോ?
ഭൂമിയിലീ നരക പർവം കഴിഞ്ഞാൽ
സ്വർഗ്ഗമാം ജീവിതം വേറെയുണ്ടോ?
മരണം മണക്കുമീ ഇരുട്ടുമുറിയിലോ
കൂട്ടിനായ് മൗനത്തിൻ ഈണങ്ങൾ മാത്രമായ്
താളം പോയൊരെൻ ജീവിത യാത്രയിൽ
കേട്ടു മടുത്തതാണീ ഈണങ്ങളോക്കെയും..

Thursday, 10 November 2011

ദു:ഖം


ഹൃദയതാളം പോൽ ദു:ഖമെൻ കൂടെ
പിരിയുകയില്ലതെൻ കണ്ണടയും വരെ
ഉണ്ടെനിക്കേറെ പറയുവാനെങ്കിലും
ദു:ഖമെൻ തൊണ്ട മുറുക്കി വലിക്കുന്നു
സ്വപ്നങ്ങളുണ്ടെനിക്കേറെയെന്നാകിലും
ബന്ധിതനാണു ഞാൻ ദു:ഖമാം ചരടിനാൽ
ദു:ഖമാം ഗർത്തത്തിൽ താഴുന്നതെന്തേ ഞാൻ
മുൻ ജന്മ പാപങ്ങളോ അതിൻ കാരണം?

Wednesday, 12 October 2011

ഒരു വാര്‍ത്ത....


                                  കഴിഞ്ഞ ദിവസം പത്രത്തിൽ വന്ന ഒരു വാർത്ത എന്റെ ശ്രദ്ധയിൽ പെട്ടു. ജീവിതത്തിൽ സംതൃപ്തരായി ഭാര്യാഭർത്താക്കന്മാർ ആത്മഹത്യ ചെയ്തിരിക്കുന്നു. ആത്മഹത്യക്ക്  ഇങ്ങനെ ഒരു കാരണം ഞാൻ ആദ്യമായി കേൾക്കുകയാണ്. സംഭവം നടന്നത് ഗോവയിലാണ്. രണ്ടുപേരും ഐ ടി ജീവനക്കാർ. കണ്ടെടുക്കുമ്പോൾ ജഡങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടായിരുന്നുവത്രേ!. സ്വന്തം ഇഷ്ടപ്രകാരമാണ്  ജീവനൊടുക്കുന്നതെന്നും മറ്റാർക്കും അതിൽ യാതൊരു പങ്കുമില്ലെന്നും അറിയിച്ച് രണ്ടു പേരും ഒപ്പിട്ട കത്ത് പോലീസ് കണ്ടെടുത്തു. അതിന്റെ ഉള്ളടക്കം ഇതായിരുന്നു. "ഞങ്ങൾ വളരെ സംഭവബഹുലവും സന്തോഷകരവുമായ ജീവിതം നയിച്ചു. ഒരുപാട്  സ്ഥലങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്തു. പല രാജ്യങ്ങൾ സന്ദർശിച്ചു. വിചാരിച്ചതിലധികം പണവും സമ്പാദിച്ചു. ഞങ്ങളുടെ ജീവൻ ഞങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ജീവിക്കുവാനുള്ള അവകാശം പോലെ തന്നെ മരിക്കുവാനുമുള്ള അവകാശം ഞങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്നു". അങ്ങനെ തുടർന്നു പോകുന്ന കത്തിൽ, തങ്ങൾക്ക് കടങ്ങളും ബാധ്യതകളും ഇല്ലെന്നും, ബന്ധുക്കളെ വിവരമറിയിച്ചതിനു ശേഷം തങ്ങളുടെ ശരീരങ്ങൾ ഗവണ്മെന്റ് വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിക്കണമെന്നും ഉണ്ടായിരുന്നു. മരണാനന്തര ചടങ്ങുകൾക്കായി തൊട്ടടുത്തു തന്നെ 10,000 രൂപയും വച്ചിരുന്നു. വാർത്ത വായിച്ച് ഞാൻ അത്ഭുതപ്പെട്ടു. ആത്മഹത്യ ചെയ്യാൻ എന്തൊക്കെ കാരണങ്ങളാണ്. കടബാധ്യത, പ്രേമ നൈരാശ്യം, പരീക്ഷാ തോൽവി എന്നിങ്ങനെയുള്ള കാരണങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊന്ന് ആദ്യമാണ്. നമ്മുടെ ജീവനെ നമുക്കു തന്നെ വിലയില്ലെങ്കിൽ പിന്നെ മറ്റുള്ളവർക്ക് എങ്ങനെ വിലയുണ്ടാകും?.


                                   
                                ജീവൻ നൽകാനും തിരിച്ചെടുക്കാനുമുള്ള അവകാശം ദൈവത്തിന് വിട്ടുകൊടുത്തു കൂടെ? പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളില്ല. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അത് ഒരർഥത്തിൽ ജീവിതത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമാണ്. പ്രശ്നങ്ങൾ നെരിടാനുള്ള ധൈര്യം വീണ്ടെടുത്ത് അവയ്ക്ക് പരിഹാരം കണ്ടെത്തി ജീവിതം മുന്നോട്ട് നയിക്കുന്നത് എത്രയോ അഭിമാനകരമാണ്!. എടുത്ത് ചാടി ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് ഒന്നോർക്കണം, മരിക്കുവാൻ പ്രെരിപ്പിക്കുന്ന ഒരു കാരണത്തെ പറ്റി ചിന്തിക്കുന്നതിനേക്കാൾ എത്രയോ മഹത്തരമാണ് ജീവിക്കുവാനുള്ള പല കാരണങ്ങളെ പറ്റി ചിന്തിക്കുന്നത്.

Friday, 7 October 2011

തുടക്കം

                                                ഒരു ബ്ലോഗ് തുടങ്ങണം എന്ന് വളരെ മുമ്പ് തന്നെ ആഗ്രഹം തോന്നിയതാണ്. പക്ഷേ എന്തുകൊണ്ടോ ഇപ്പോഴാണ്  സമയം ഒത്തു വന്നത്.  ഓരോ കാര്യത്തിനും ഓരോ സമയം ഉണ്ട്, അത് അപ്പോഴേ നടക്കൂ. പിന്നെ, ഇന്ന്  ഏഴാം തിയ്യതി ആണ്. ഞാൻ ജനിച്ചത് ഒക്ടോബർ 16 ന് ആണ്. അപ്പോൾ 1+6=7, 7 എന്റെ ഭാഗ്യ നമ്പർ ആയിരിക്കണം. എനിക്ക് സംഘ്യാ ശാസ്ത്രത്തിലൊന്നും അത്ര വിശ്വാസമില്ല. എന്നാലും തുടങ്ങാൻ ഒരു കാരണമായീന്ന് മാത്രം. ഇടക്കെങ്കിലും എന്റെ ബ്ലോഗ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും എന്ന വിശ്വാസത്തോടെ ഇന്ന് ഞാൻ വിട പറയുന്നു.