Sunday, 20 November 2011

നിനക്ക് ആത്മാർത്ഥതയില്ല


ഇല്ലാത്തവ  പറഞ്ഞു പരത്തുന്നത്
 മാന്യതയോ സുഹൃത്തേ?
ആത്മാർത്ഥത എന്നൊന്നുണ്ടെങ്കിൽ നീയെന്റെ
കുറവുകളാദ്യം എന്നോട് പറയണം
ആത്മാർത്ഥ സൗഹൃദമെന്നു നടിച്ചു നീ
മറ്റുള്ളവർ അറിയരുതെന്നാശിച്ചതെല്ലാം
നിന്നോട് മാത്രം ഞാൻ പങ്കു വച്ചു
മറ്റുള്ളോർക്കതു നീ പകുത്തു നൽകി
നമ്മുടെ ഹൃദയങ്ങൾക്കിപ്പോൾ അകലമുണ്ട്
എത്രയെന്നെനിക്കറിയില്ല, പക്ഷേ-
ഇനിയെനിക്കു നിൻ ഹൃദയത്തിലെത്താൻ
കാതങ്ങൾ ഒരുപാട് സഞ്ചരിക്കണം
നീ അണിഞ്ഞത്  കപടതയുടെ മുഖം മൂടിയെന്ന്
അറിയാൻ വൈകിയത് എന്റെ തെറ്റ്
സുഹൃത്തേ എനിക്ക് പറയാതെ വയ്യ
നിനക്ക് ആത്മാർത്ഥത തീരെയില്ല



Wednesday, 16 November 2011

എങ്ങനെ ഞാൻ?


മറുത്തൊന്നും പറയുവാനവില്ലെനിക്ക്
നാവ് നിങ്ങൾ പണ്ടേ അറുത്തെടുത്തില്ലേ?
നീങ്ങുവാൻ ഇനിയുമുണ്ട് ദൂരമേറേ
മുള്ളു വിതറിയ വഴിയിൽ നടക്കുവതെങ്ങനെ?
തീരമണയാൻ ഏറെയുണ്ടിനി
തുളയിട്ട തോണി ഞാൻ തുഴയുവതെങ്ങനെ?
ഉയരുവാൻ ഏറെ ഇനിയുമുണ്ട്
അരിഞ്ഞൊരീ ചിറകുമായ് ചെയ്യുവതെന്തു ഞാൻ?

Friday, 11 November 2011

തടവറയിലെ കൊലയാളി


എൻ ലോകം ഇന്നീ തടവറക്കുള്ളിൽ
ഇരുട്ടു പൊതിഞ്ഞൊരെൻ ചിന്തകൾ പേറി
ആശകൾ മരിച്ചിട്ടും മരിക്കാത്ത-
മനസ്സുമായ് ഇപ്പോഴും ജീവിച്ചിരിപ്പൂ ഞാൻ
പകലുകൾ നിറ സ്വപ്നങ്ങളാണെങ്കിലും
രാത്രികൾ ദു:സ്വപ്നങ്ങളാണെന്നും
മുമ്പേ മരിച്ചൊരെൻ കിനക്കളിലെപ്പൊഴോ
മരണമെന്നൊരാ സത്യമറിഞ്ഞു ഞാൻ
ഭാവിയെക്കുറിച്ചെനിക്കാശങ്കയില്ല
നാളെകൾ വിടരാത്ത പൂക്കൾ മാത്രം
മൊട്ടുകൾ എണ്ണപ്പെട്ടതാണെങ്കിലും
ഇനിയെത്രയെന്നൊരറിവുമില്ല
ഒരു ജീവനൊരിക്കലെടുത്തതിൻ ശിക്ഷയായ്
ഒരു നാളെൻ ജീവൻ കയറിലൊടുങ്ങിടും
തോന്നിയില്ലെനിക്കൊന്നുമേ കോടതി-
മുറിയിലാ ശബ്ദം തട്ടി മുഴങ്ങവേ
മനുഷ്യർ വിധിക്കുമീ ശിക്ഷക്കുമപ്പുറം
ദൈവത്തിൻ ശിക്ഷയും വെറെയുണ്ടോ?
ഭൂമിയിലീ നരക പർവം കഴിഞ്ഞാൽ
സ്വർഗ്ഗമാം ജീവിതം വേറെയുണ്ടോ?
മരണം മണക്കുമീ ഇരുട്ടുമുറിയിലോ
കൂട്ടിനായ് മൗനത്തിൻ ഈണങ്ങൾ മാത്രമായ്
താളം പോയൊരെൻ ജീവിത യാത്രയിൽ
കേട്ടു മടുത്തതാണീ ഈണങ്ങളോക്കെയും..

Thursday, 10 November 2011

ദു:ഖം


ഹൃദയതാളം പോൽ ദു:ഖമെൻ കൂടെ
പിരിയുകയില്ലതെൻ കണ്ണടയും വരെ
ഉണ്ടെനിക്കേറെ പറയുവാനെങ്കിലും
ദു:ഖമെൻ തൊണ്ട മുറുക്കി വലിക്കുന്നു
സ്വപ്നങ്ങളുണ്ടെനിക്കേറെയെന്നാകിലും
ബന്ധിതനാണു ഞാൻ ദു:ഖമാം ചരടിനാൽ
ദു:ഖമാം ഗർത്തത്തിൽ താഴുന്നതെന്തേ ഞാൻ
മുൻ ജന്മ പാപങ്ങളോ അതിൻ കാരണം?